Tuesday, September 6, 2022

OTA യും ബിൽ ബോർഡ് ഇഫക്ടും .

 

ഒ.റ്റി.എ യും (OTA) ബിൽബോർഡ് ഇഫക്ടും ..

പ്രശാന്ത് വാസുദേവ്
ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം
മൊ : 9846550002

ടൂറിസം രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ചുരുക്കെഴുത്താണ് OTA . ഓൺലൈൻ ട്രാവൽ ഏജൻസി എന്ന് വിപുലീകരണം.OTA എന്നത് ഒരു വെബ്സൈറ്റ് തന്നെ എന്നു പറയാം. ഒരു ട്രാവൽ ഏജന്റിന്റെ ഡിജിറ്റൽ രൂപം.ലോകത്ത് ഏത് മൂലയ്ക്കുമിരുന്ന് OTA വെബ് സൈറ്റിലൂടെ ഹോട്ടൽ , ഫ്ലൈറ്റ് , കാർ, ടൂർ പാക്കേജുകൾ, ക്രൂയിസുകൾ, പ്രാദേശികാനുഭവങ്ങൾ, ട്രെയിൻ തുടങ്ങിയ ഏത് യാത്രാ സേവനവും ബുക്ക് ചെയ്യാം. എല്ലാം സ്മാർട്ട് ഫോണുകൾ കൊണ്ടു വന്ന മാറ്റങ്ങൾ!

എന്താണ് ഒരു സഞ്ചാരിക്ക് OTA കൊണ്ടുള്ള നേട്ടങ്ങൾ ?

1. ട്രാവൽ സംബന്ധമായ സേവനങ്ങൾക്കായുള്ള ഒരു ഏകജാലക സംവിധാനം .
2. വ്യത്യസ്ത സേവന ദാതാക്കളെയും അവരുടെ ഉത്പന്നങ്ങളെയും വിലയെയും താരതമ്യം ചെയ്ത് നമുക്ക് വേണ്ടത് കണ്ടെത്തുവാനുള്ള സൗകര്യം. സെർച്ച് ഫിൽട്ടറുകളും കംപാരിസൺ ടൂളുകളും ഇതിന് സഹായിക്കുന്നു.
3. വളരെ അയവാർന്ന റദ്ദാക്കൽ (cancellation) സൗകര്യം. പല OTA കൾക്കും അവരുടേതായ റദ്ദാക്കൽ നയം ഉണ്ട്. അത് പിന്തുടരാൻ അവരിൽ ലിസ്റ്റ് ചെയ്യപ്പെട്ട സേവന ദാതാക്കൾ ബാധ്യസ്ഥരാണ്.
4. വ്യത്യസ്ത സേവന ദാതാക്കളെയും അവരുടെ ഉത്പന്നങ്ങളെയും പറ്റിയുള്ള സഞ്ചാരികളുടെ യഥാർത്ഥ വിലയിരുത്തലുകൾ (reviews).
5. വിവിധ പാരിതോഷികങ്ങൾ (rewards).
6. നമുക്കിഷ്ടമുള്ള കറൻസിയിൽ പണമിടപാട് നടത്താനുള്ള സൗകര്യം.

ലിസ്റ്റ് ചെയ്യപ്പെടുന്ന ഹോട്ടലുകളെ സംബന്ധിച്ച് ഒരേ സമയം വരവും ശാപവുമാണ് OTAകൾ. ഒരു വശത്ത് കൂടുതൽ പേരിലെത്തുകയും കൂടുതൽ ബുക്കിംഗുകൾ ലഭിക്കുകയും ചെയ്യുമ്പോൾ മറുവശത്ത് പലപ്പോഴും ഹോട്ടൽ വെബ് സൈറ്റിലേതിനെക്കാൾ കുറഞ്ഞ നിരക്കാവും OTA സൈറ്റുകളിൽ ഉണ്ടാവുക! സഞ്ചാരിയെ സംബന്ധിച്ച് വരം !

OTA കളുടെ വരുമാനം എന്നത് ഓരോ ബുക്കിംഗിനും അവർ എടുക്കുന്ന കമ്മീഷനാണ്. സാധാരണ ഗതിയിൽ അവർ പ്രദർശിപ്പിക്കുന്ന നിരക്കിൽ 10-30 % വരെ അവർക്കും ബാക്കി ഹോട്ടലിനുമാണ്. ഉപഭോക്താവിൽ നിന്ന് പ്രത്യേക കമ്മീഷൻ ഒന്നും തന്നെ ഹോട്ടൽ ബുക്കിംഗിൽ ഈടാക്കാറില്ല. ഫ്ളൈറ്റ് ബുക്കിംഗിൽ കൺവീനിയൻസ് ഫീ ഉണ്ടാവും.

ലോകത്ത് മുൻ നിരയിലുള്ള OTA കൾ.

1. ബുക്കിംഗ്.കോം (Booking.com),അഗോഡ .കോം (Agoda.com), പ്രൈസ് ലൈൻ (Priceline.com)എന്നിവ ഉൾപ്പെടുന്ന  ബുക്കിംഗ് ഹോൾസിംഗ്സ് ഗ്രൂപ്പ് .
2. എക്സ്പീഡിയ.കോം (Expedia.com), ഹോട്ടൽസ്.കോം (Hotels.com) തുടങ്ങിയവ ഉൾപ്പെടുന്ന എക്സ്പീഡിയ ഗ്രൂപ്പ്.
3. ലാസ്റ്റ് മിനിട്ട്.കോം ( Lastminute.com)
4. ഹോട്ട് വയർ (Hotwire)
5. സ്കൈസ്കാനർ (Skyscanner - ഇതൊരു ആഗ്രിഗേറ്റർ സൈറ്റാണ്. ഫ്ളൈറ്റ്  ബുക്കിംഗിന് വേണ്ടിയുള്ളത്.ഒരു മെറ്റാ സെർച്ച് എൻജിൻ ഉപയോഗിച്ച് വിവിധ OTA കൾ, ഹോട്ടലുകൾ, എയർലൈനുകൾ തുടങ്ങിയവയുടെ നിരക്കുകൾ നമുക്ക് താരതമ്യം ചെയ്യാം. നമ്മൾ തീരുമാനമെടുത്തു കഴിഞ്ഞാൽ സ്കൈസ്കാനർ നമ്മളെ മൂന്നാമതൊരു ബുക്കിംഗ് പ്ലാറ്റ്ഫോമിൽ കൊണ്ടുചെന്ന് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കിത്തരുന്നു. )
6. കിവി.കോം (Kiwi.com - ഇതും ഫ്‌ളൈറ്റ് ബുക്കിംഗിനായുള്ള ആഗ്രിഗേറ്റർ സൈറ്റ്)
7. മേക്ക്മൈട്രിപ്പ് ( MakeMyTrip.com )
8. ക്ലിയർട്രിപ്പ്(Cleartrip.com)
9. എയർബിഎൻബി ( Airbnb )
10.ട്രിപ്പ്അഡ്വൈസർ(Tripadvisor)
11. ലേറ്റ്റൂംസ് .കോം (LateRooms.com)
12. ട്രാവലോസിറ്റി(travelocity)
13. ട്രിപ്പ്.കോം(Trip.com)
14. ലേറ്റ്റൂംസ് .കോം(LateRooms.com)

ഇതെല്ലാം തന്നെ വിനോദ സഞ്ചാരത്തിനുള്ള OTA കൾ ആണെങ്കിൽ ബിസിനസ് യാത്രകൾക്ക് ട്രാവൽപാർക്ക് പോലുള്ള OTA കൾ വേറെയുണ്ട്.

ഇന്ത്യയിലെ മികച്ച OTA കൾ ആരെന്ന് നോക്കാം.

1. മേക്ക് മൈ ട്രിപ്പ് (MakeMyTrip) -ഗോഇബിബോ (Goibibo).
[MMT- Goibibo] .2016 ൽ രണ്ടു കമ്പനികളും ലയിച്ചു. ഹരിയാനയിലെ ഗുർഗാവൂണിലാണ് ആസ്ഥാനം.
3.ഈസ്മൈട്രിപ്പ് (EaseMyTrip)
4. യാത്ര (Yatra)
5. ക്ലിയർട്രിപ്പ് (Cleartrip).
6. വയ.കോം (Via.com)
7. പേറ്റിയെം (Paytm- Pay through mobile). അവരും ട്രാവൽ സേവനങ്ങൾ നൽകുന്നു.
8. ഇക്സിഗോ (Ixigo)
9. മുസഫിർ .കോം (Musafir.com)- [മുസഫിർ എന്നാൽ സഞ്ചാരി എന്നർത്ഥം. 2013 മുതൽ 2016 വരെ സച്ചിൻ ടെൻഡുൽക്കർ മുസഫിറിന്റെ ഒരു പങ്കാളിയും ബ്രാൻഡ് അംബാസഡറുമായിരുന്നു. ]

150 കോടിയുടെ വാർഷിക വരുമാനവും 62 കോടി ലാഭവും ഏറ്റവും വേഗതയിൽ വളരുന്ന കമ്പനി എന്ന ഖ്യാതിയും ആയി ഇന്ത്യയുടെ രണ്ടാമത്തെ വലിയ OTA ആയി നില നിൽക്കുന്നത് 2008 ൽ റികാന്ത്, പ്രശാന്ത്, നിഷാന്ത് പിറ്റി എന്നീ മൂന്ന് സഹോദരൻമാർ ചേർന്നാരംഭിച്ച ഈസ്മൈട്രിപ്പ് ആണെന്ന് അവകാശപ്പെടുന്നു. അവരുടെ വരുമാനത്തിന്റെ 90% വും എയർലൈൻ ബുക്കിംഗിൽ നിന്നാണ്. ഒന്നാമത്തെ വലിയ OTA മേക്ക്മൈട്രിപ്പ് തന്നെ. എന്നാൽ ഇന്ത്യൻ OTA കളിൽ ലാഭം ഉണ്ടാക്കുന്നത് ഈസ്മൈട്രിപ്പ് മാത്രമാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. വിമാന ബുക്കിംഗിൽ കൺവീനിയൻസ് ചാർജ് യാത്രികരിൽ നിന്ന് വാങ്ങുന്നില്ല എന്നതാണ് ഈസ്മൈട്രിപ്പിനെ കൂടുതൽ ജനകീയമാക്കുന്നത്.

2020 ൽ ട്രാവൽ മേഖലയിൽ ആഗോള തലത്തിൽ ചെലവാക്കപ്പെട്ടത് 2.37 ട്രില്യൺ യു.എസ്.ഡോളർ ആണത്രെ. അതിന് ശേഷം ട്രാവൽ മേഖല കോവിഡിൽ കൂപ്പു കുത്തിയത് നമുക്കറിവുള്ളതാണല്ലോ. 2020 ൽ ഇന്ത്യയിൽ നടന്ന ഓൺലൈൻ ട്രാവൽ ബുക്കിംഗുകൾ ഏകദേശം നാല് ബില്യൺ ആണത്രെ!

ബിൽ ബോർഡ് ഇഫക്ട് !(Billboard effect)

ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ നമ്മളാദ്യം OTA സൈറ്റുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഹോട്ടലുകൾ പരതുന്നു. ഇഷ്ടപ്പെട്ട ഹോട്ടൽ OTA സൈറ്റിൽ നിന്ന് കണ്ടുപിടിച്ച ശേഷം നേരേ ആ ഹോട്ടൽ സൈറ്റിലേക്ക് പോയി കണ്ട് തൃപ്തിപ്പെട്ട് ഹോട്ടൽ സൈറ്റിലൂടെ തന്നെ ബുക്ക് ചെയ്യുന്നു. അതായതു് OTA സൈറ്റിൽ ബുക്ക് ചെയ്യപ്പെട്ടതു കൊണ്ടു മാത്രം ഒരു ഹോട്ടലിന് നേരിട്ട് ബുക്കിംഗ് ലഭിക്കുന്ന പ്രതിഭാസം. ഇതാണ് ബിൽബോർഡ് ഇഫക്ട് !

ഒരു ബുക്കിംഗ് നടത്തുന്നതിന് മുമ്പ് അമേരിക്കക്കാരൻ ശരാശരി 140 സൈറ്റ് വിസിറ്റ് നടത്തുമത്രെ! അതിൽ 30 % OTA സൈറ്റ് വിസിറ്റ് തന്നെ. OTA യിൽ ലിസ്റ്റ് ചെയ്യുന്നതു കൊണ്ടു മാത്രം ഹോട്ടലുകളുടെ റിസർവേഷൻ വർദ്ധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. ഒരു പഠനത്തിൽ തെളിഞ്ഞത് ഒരു ലോകോത്തര ഹോട്ടൽ ബ്രാൻഡിന്റെ 75 % അതിഥികളും നേരിട്ട് ബുക്ക് ചെയ്തത് OTA സൈറ്റ് സന്ദർശിച്ചതിന് ശേഷമെന്നാണ്. ബിൽ ബോർഡ് ഇഫക്ട് മുൻ വർഷങ്ങളിൽ നിന്ന് 10% കുറഞ്ഞതായും പഠനങ്ങൾ പറയുന്നു.

OTA യിൽ കാണുന്ന തരത്തിലുള്ള മുറികൾ, കിട്ടുന്ന നിരക്കുകൾ ഇവ നേരിട്ട് ഹോട്ടൽ സൈറ്റിൽ കാണാൻ കഴിയാതെ വരുമ്പോൾ ഉപഭോക്താക്കൾ ഹോട്ടൽ സൈറ്റിലൂടെ ബുക്ക് ചെയ്യാതെ OTA സൈറ്റിലേക്ക് തന്നെ മടങ്ങുന്നു. ഇതാണ് ബിൽ ബോർഡ് ഇഫക്ട് മങ്ങാൻ പ്രധാന കാരണം. ഒരു ഹോട്ടൽ വെബ്സൈറ്റ് ഹോട്ടലിനെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും അതിന്റെ തുടർച്ചയായിരിക്കണം OTA സൈറ്റിലെ അവരുടെ വിവരങ്ങളെന്നും ഇത് കാണിക്കുന്നു. ഇക്കാലത്തെ ഉപഭോക്താവ് സേവന ദാതാവിനെക്കാൾ ബുദ്ധിയും ജ്ഞാനവും ഉള്ളവനാണെന്നത് മറക്കണ്ട!

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹോട്ടൽ സൈറ്റുകളിൽ നേരിട്ട് ബുക്ക് ചെയ്യുന്നവരിൽ 65% ഉപഭോക്താക്കളും OTA സന്ദർശിച്ച ശേഷം വരുന്നവരാണ്. അതിൽ തന്നെ 18% പേരും ബുക്ക് ചെയ്യുന്ന ദിവസം തന്നെ OTA സന്ദർശിക്കുന്നവരുമാണ്.

അപ്പോൾ ഹോട്ടലുകൾ ജാഗ്രതൈ!

ടൂർ ഓപറേറ്റർമാരും OTA കളും.
-------------------------------

OTA കളുടെ വരവ് ഏറ്റവുമധികം ബാധിച്ചത് പ്രാദേശിക ടൂർ ഓപ്പറേറ്റർമാരെ / ട്രാവൽ ഏജന്റുമാരെയാണ്. നേരിട്ട് മുറിയും പാക്കേജുകളും ഒക്കെ താരതമ്യം ചെയ്ത് ബുക്ക് ചെയ്യാം എന്ന സ്ഥിതി വന്നപ്പോൾ സഞ്ചാരികൾ ടൂർ ഓപ്പറേറ്റർമാരെ നേരിട്ട് ബന്ധപ്പെടുന്നത് നന്നേ കുറഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും പ്രാദേശിക ടൂർ ഓപ്പറേറ്റർമാരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്.

പതിനായിരക്കണക്കിന് പേർ ടൂർ ഓപ്പറേഷൻ ബിസിനസ്സിന്റെ ഭാഗമായി കേരളത്തിൽ ജോലി ചെയ്യുന്നവരുണ്ട്. കോവിഡ് കാലത്ത് ഒരു വരുമാനവും ഇല്ലാതെ അലഞ്ഞവരാണിവർ. ചിലർ ബിസിനസ്സ് ഉപേക്ഷിച്ച് മറ്റ് പണികൾ തേടിപ്പോയി. ചിലർ ജോലിക്കാരുടെ എണ്ണം കുറച്ചു. കോവിഡിനു ശേഷവും ഇവരുടെ നില മെച്ചപ്പെട്ടിട്ടില്ല. OTA കൾ മികച്ച സേവനവും നിരക്കുകളും സഞ്ചാരികൾക്ക് നൽകുന്നുണ്ടെങ്കിലും ഒരു നാടിന്റെ ശരിയായ ടൂറിസം അംബാസഡർമാരെന്ന് പറയുന്നത് അവിടുത്തെ ടൂർ ഓപ്പറേറ്റർമാർ ആണ്. ആ നാടിന്റെ ഭൂപ്രകൃതി നന്നായറിയാവുന്ന , സംസ്ക്കാരം നന്നായറിയാവുന്ന അന്നാട്ടുകാർ. അവർക്കേ ആ നാടിന്റെ ടൂറിസം സാധ്യതകൾ സഞ്ചാരികളുടെ മുന്നിൽ അതിന്റെ തനിമയോടെ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ.
അവർക്കായി പ്രത്യേക മാർക്കറ്റിംഗ് സഹായം നൽകാൻ നമുക്കാവണം. അവർക്ക് കൂടുതൽ വിപണന വേദികൾ കണ്ടെത്തിക്കൊടുക്കാൻ കഴിയണം. പ്രത്യേകിച്ചും OTA കൾ എന്നത് വിരലിൽ എണ്ണാവുന്നവരാണ് എന്നിരിക്കെ, പ്രാദേശിക ടൂർ ഓപ്പറേറ്റർമാർക്ക് കൂടുതൽ പ്രാധാന്യം കൈവരണം. ഒപ്പം പ്രാദേശിക ടൂർ ഓപറേറ്റർമാരും DMC കളും ( Destination Management Company) സാങ്കേതികമായി വളരുകയും കൂടുതൽ മികച്ച , മെച്ചപ്പെട്ട നിരക്കോടെയുള്ള, വൈവിധ്യമാർന്ന സേവനങ്ങളുമായി സ്വയം മാറുകയും ചെയ്യണം. Online Travel Aggregator എന്ന വിഭാഗത്തിൽ കേന്ദ്ര സർക്കാരിന്റെ ടൂറിസം വകുപ്പ് 2018 ൽ അംഗീകാരം നൽകുന്ന സംവിധാനവും കൊണ്ടു വന്നിട്ടുണ്ട്. കേരളത്തിൽ നിലവിൽ രണ്ടു വർഷം പ്രവർത്തന പരിചയമുള്ള ടൂർ ഓപ്പറേറ്റർമാർക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിലവിൽ അക്രഡിറ്റേഷൻ മാത്രമേയുള്ളൂ. ഇത് ടൂർ ഓപ്പറേഷൻ തുടങ്ങാനുള്ള നിർബന്ധിത അംഗീകാരം ആക്കി മാറ്റിയാൽ ഈ മേഖലയുടെ ഗുണമേൻമ വർദ്ധിപ്പിയ്ക്കാനാകും.
prasanthvasudev@gmail.com

No comments:

Post a Comment